ജോർജ്ജ് ഡഫീൽഡ് ജുനിയർ., 1858 (Stand Up, Stand Up for Jesus). തർജ്ജിമക്കാരൻ അജ്ഞാതം. *അഞ്ചാം ചരണം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2018.
വെബ്ബ്, ജോർജ്ജ് ജെ. വെബ്ബ്, 1830 (🔊 pdf nwc).
1858ലെ ഫിലാഡൽഫിയയിലെ (പെൻസിൽവാനിയ), "ഗ്രെയ്റ്റ് വർക്ക് ഓഫ് ഗോഡ്" എന്ന ഉണർവ്വ് യോഗത്തിൽ റവ. ഡ്യൂലി ഒരു ആദരണീയനായ ആചാര്യനായിരുന്നു. ഒരു ദിവസം വയലിൽ കൃഷിക്കു ഉപയോഗിക്കുന്ന ഒരു യന്ത്രത്തിന്നരികെ നിൽക്കുമ്പോൾ തന്റെ ളോഹയുടെ കൈ അതിന്റെ പൽചക്രത്തിൽ കുടുങ്ങുവാൻ ഇടവന്നു. അദ്ദേഹത്തിന്റെ കൈ ആ യന്ത്രത്തിലേക്കു വലിച്ചെടുക്കപ്പെടുകയും ഉടനെ മുറിഞ്ഞുപോകയും, പിന്നീട് അധികം താമസിയാതെ അദ്ദേഹം മരിച്ചുപോകുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവതത്തിന്റെ ഉച്ചകോടിയിലിരിക്കുന്ന അവസ്ഥയിൽ ആ ഉണർവ്വ് യോഗത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും എടുക്കപ്പെട്ടു. വേലയിൽ തന്നോട് കൂടെ അദ്ധ്വാനിച്ചവരോട് അദ്ദേഹത്തിന്നു അവസാനമായി പറയുവാൻ ഉണ്ടായിരുന്ന ’യേശുവിനായ് നിൽക്ക' എന്നുള്ള വിഷയം ഈ ഗാനത്തിന്നു നിദാനമായിത്തീർന്നു. തന്റെ ഉറ്റ സുഹൃത്തിന്റെ മരണാനന്തരം പിറ്റേ ഞായറാഴ്ചയിൽ റവ. ജോർജ്ജ് ഡഫീൽഡ് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ അവസാനമായി താൻ രചിച്ച ഇതിന്റെ വരികൾ വായിച്ചു.
സാങ്കി, പേജ്. 247
നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യ സേനകളെ
ഉയർത്തീടിൻ കൊടിയെ നഷ്ടം നേരിടല്ലേ
ജയം ജയം തനിക്കും തന്റെ സേനകൾക്കും
വൈരികൾ എല്ലാം തോൽക്കും താൻ കർത്താവായ് വാഴും
നിന്നീടിൻ യേശുവിന്നായ് എന്നീ പോർ വിളി കേൾ
നിങ്ങൾ നിദ്ര കൊണ്ടാലോ അവനു ലജ്ജ താൻ
നിൻ ഉള്ളിലും പുറത്തും കാണുന്ന തിന്മയെ
നീ നേരിട്ടു പോരാടി ഇല്ലായ്മ ആക്കുക
നിന്നീടിൻ യേശുവിന്നായ് കാഹളനാദം കേൾ
മുന്നോട്ടു ചേരിൻ പോരിൽ ഈ നേരം വീരരെ
എണ്ണം ഇല്ലാ വൈരികൾ ഏറ്റം ശൗര്യമുള്ളോർ
പേടിച്ചിടേണ്ടവരെ ധൈര്യമായി ചെയ്ക പോർ
നിന്നീടിൻ യേശുവിന്നായ് തൻ ശക്തി ശരണം
സ്വശക്തി ഫലിച്ചീടാ സ്വ ആശ്രയം വൃഥാ
സർവ്വായുധവർഗ്ഗം നീ ആത്മാവിൽ ധരിക്ക
ആപത്തിൻ നടുവിലും ആവതു ചെയ്ക പോർ
*നിന്നീടിൻ യേശുവിന്നായ് നിരന്നു നിൽക്ക നാം
ജയം യഹോവാക്കെന്നു ഉച്ചത്തിൽ ആർപ്പിടിൻ
അനേകർ വീണെന്നാലും ധീരരായ് നിൽക്ക നാം
മരണം നേരിട്ടാലും നമുക്ക് നേട്ടം താൻ
നിന്നീടിൻ യേശുവിന്നായ് യുദ്ധം വേഗം തീരും
ഇന്നു പോരിൻ സന്നാഹം നാളെ ജയഗീതം
ജയാളിക്കു ലഭിക്കും ജീവന്റെ കിരീടം
തേജസിൽ യേശുവോടു വാണീടും എന്നുമേ