അവനെ ഭയപ്പെടുന്നവര്‍ക്കു അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.@ലൂക്കോസ് 1:50
ഛായാചിത്രം
ഫ്രെഡറിക്ക് ഡബ്ലിയു. ഫേബർ
(1814–1863)

ഫ്രെഡറിക്ക് ഡബ്ലിയു. ഫേബർ, 1872 (There’s a Wideness in God’s Mercy) ഒറേറ്ററി ഹിംസ്, 1854. മറ്റൊരു ക്രമീകരണം സോൾസ് ഓഫ് മെൻ, വൈ വിൽ യി സ്കേറ്റർ -ൽ കാണുന്നു. സൈമണ്‍ സഖറിയ, 2013.

വെല്ലസ്ലി, ലിസ്സി ടോർജ്ജ്, 1878 (🔊 pdf nwc). ന്യൂട്ടണ്‍, മാസ്സച്ചുസ്സെറ്റ്സിലെ അവരുടെ ഹൈസ്കൂൾ ബിരുദുദാന ചടങ്ങിൽ ആലപിക്കാനായി അവർ ഈ രാഗം എഴുതി; അടുത്തു ഉണ്ടായിരുന്നതും അവർ പിന്നീട് കുറച്ചു കാലം പഠിക്കയും ചെയ്ത വെല്ലസ്ലി വിമൻസ് കോളേജിന്റെ പേരിൽ നിന്നും ഈ രാഗത്തിനു പേർ കിട്ടി.

ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ഈശൻ കൃപ ആഴിയേക്കാൾ
വിസ്താരമായതത്രേ.
തന്റെ ദയ, തന്റെ നീതി,
എൻ ഇഷ്ടത്തെ കവിയും.

ഭൂമിയിലെ വേദനകൾ
സ്വർഗ്ഗം ഏറ്റം അറിയും.
ഭൂമിയിലെ വൻ തോൽവികൾ
സ്വർഗ്ഗം ദയയായ് എണ്ണും.

വൻ പാപിയെ സ്വീകരിക്കും
കൃപ നല്കി രക്ഷിക്കും.
രക്ഷകനിൽ കൃപയുണ്ട്
തൻ രക്തത്തിൽ സൌഖ്യവും.

സർവർക്കും താൻ കൃപയേകും
ഇതു പുതു സാമ്രാജ്യം.
പുതുസൃഷ്ടി ആനന്ദിക്കും
സ്വർഗ്ഗ ഭ-വ-നത്തിങ്കൽ.

ദൈവ സ്നേഹം അളക്കുവാൻ
മർത്യ മാനസം പോരാ.
നിത്യനായോൻ തൻ ഹൃദയം
അലിവേറേ ഉള്ളതു.

രക്ഷ ഏറെ തന്നിലുണ്ട്
താൻ ചൊരിഞ്ഞ രക്തത്താൽ.
സന്തോഷവും ഏറെയുണ്ട്
മുറിവേറ്റ ശിരസ്സാൽ.

വീട്ടുവാൻ നാം ആകയില്ല
യേശു തന്റെ കാരുണ്യം.
തിന്മയേക്കാൾ നന്മയേറെ
വീഴ്ചയേക്കാൾ വൻ കൃപ!

തുച്ഛമത്രേ നമ്മൾ സ്നേഹം
തൻ വാക്കിനെ നമ്പുക.
തൻ മാധുര്യം ആസ്വദിക്കിൽ
ജീവിതം പ്രകാശിക്കും.

ചിതറുന്നോ മാനവരെ
ഭയന്നോടും ആടേ പോൽ.
അലയുന്നോ ഭോഷന്മാരെ
ദൈവസ്നേഹത്തിൽ നിന്നും?

ദൈവ സ്നേഹം അത്യത്ഭുതം
നിൻ ബുദ്ധിയെ കവിയും.
താതൻ സ്നേഹം അതുല്ല്യമാം.
ഗ്രഹിച്ചീടാൻ അസാധ്യം!

ദൈവ സ്നേഹം ചെറുതല്ല
നിൻ ചിന്തയ്ക്കു അപ്രാപ്യം.
തൻ ശാസന നന്മക്കത്രെ
എന്നും താൻ ശിക്ഷിക്കില്ല.

വേറില്ലെങ്ങും നല്ലിടയൻ
ശാന്തശീലൻ സ്നേഹിതൻ.
വേറില്ലെങ്ങും രക്ഷിക്കുന്നോൻ
കൂട്ടിച്ചേർക്കും തൻ പാദെ.